ആലപ്പുഴ: ഉഷയ്ക്കുണ്ടായത് നിർഭാഗ്യകരമായ സംഭവമാണെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.ബി. പത്മകുമാർ, സൂപ്രണ്ട് ഡോ.എ.ഹരികുമാർ, ആർഎംഒ തോമസ് കോശി എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വീഴ്ചകൾ സംഭവിക്കാൻ പാടില്ലായിരുന്നു. പ്രോട്ടോകോൾ അനുസരിച്ചു വേണമായിരുന്നു പ്രവർത്തിക്കാൻ. കോവിഡ് കാലത്താണു ശസ്ത്രക്രിയ നടന്നത്. അതിനാൽ ഫ്ലോർ നഴ്സ് അടക്കമുളള സ്റ്റാഫിന്റെ കുറവുണ്ടായി. ഉപകരണങ്ങൾ എഴുതി സൂക്ഷിക്കുന്നതിൽ വീഴ്ചയുണ്ടായിട്ടില്ല. ഇതു രേഖകൾ പരിശോധിച്ചപ്പോൾ ബോധ്യമായി.
3.2 കിലോ ഭാരമുള്ള ട്യൂമറാണ് ഉഷയുടെ വയറ്റിൽനിന്നു നീക്കം ചെയ്തത്. ട്യൂമർ ദോഷകരമല്ലാത്തതിനാൽ കൂടുതൽ ചികിത്സ ആവശ്യമില്ലായിരുന്നു. പരാതിയുമായി ഉഷ മുമ്പ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയെ സമീപിച്ചിട്ടില്ല. ആലപ്പുഴയിലെ മെഡിക്കൽ ഉപകരണമാണോ വയറ്റിൽ കുടുങ്ങിയതെന്ന് അറിയാൻ പുറത്തെടുത്തു പരിശോധിക്കണം. 2021 മേയ് പത്തിനാണ് പുന്നപ്ര സ്വദേശിയായ ഉഷ ജോസഫ് മെഡിക്കൽ കോളജിൽ ചികിത്സയ്ക്കെത്തിയത്.
പരിശോധനയിൽ ഗർഭപാത്രത്തിലെ മുഴയാണെന്ന് തിരിച്ചറിഞ്ഞു. മേയ് 12നായിരുന്നു ശസ്ത്രക്രിയ. രണ്ടുദിവസം കഴിഞ്ഞ് ഡിസ്ചാർജായി. മെഡിക്കൽ കോളജിൽ തുടർചികിത്സയ്ക്ക് എത്തിയതായി രേഖകളില്ല.
കഴിഞ്ഞദിവസം യൂറോളജിസ്റ്റിനെ കാണിച്ച് എക്സ്റേ എടുത്തപ്പോഴാണ് ഉപകരണം വയറ്റിൽ കണ്ടെത്തിയത്. വ്യാഴാഴ്ച ഗൈനക്കോളജി വിഭാഗത്തിൽവന്ന് ഡോക്ടറെ കണ്ടു. ആവശ്യമായ രക്തപരിശോധന നടത്തി അഡ്മിറ്റാകാൻ നിർദേശിച്ചെങ്കിലും അതിനു തയാറാകാതെ മടങ്ങുകയായിരുന്നു.
ഉഷയ്ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിരുന്നെന്നും വിവരം പുറത്തുപറയരുതെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.